Sunday, 20 January 2013

എന്റെ പ്രിയപ്പെട്ട ഡെയ്സിക്കുട്ടിക്ക്..

എന്റെ പ്രിയപ്പെട്ട ഡെയ്സിക്കുട്ടിക്ക്..

ആദ്യമായി നിന്നെ കണ്ടപ്പോള്‍ തന്നെ ഞാന്‍ നിന്നെ നോട്ടമിട്ടതാണ്... എല്ലാവരുടെയും പോലെ തന്നെ നീയും ഇളം നീലക്കളറില്‍..എന്റെ ആദ്യത്തെ നോട്ടത്തില്‍ തന്നെ നിന്നെയെനിക്കിഷ്ടമായ വിവരം എങ്ങനെയാണു നിന്നെയൊന്നറിയിക്കുക... അതിനൊരു വഴിയും കാണാതെ ആകെ പണ്ടാറമടങ്ങി ഇരുന്നപ്പോള്‍ ആണ് പണ്ടു ഞാന്‍ പിന്നാലെ നടന്നിരുന്ന.. അയ്യൊ.. തെറ്റിപ്പോയി.. പണ്ടെന്റെ പിന്നാലെ നടന്നിരുന്ന മറ്റൊരു ഡെയ്സിക്കു വേണ്ടി പാടിയ പാട്ടെനിക്കോര്‍മ വന്നത്.. പിന്നൊന്നും നോക്കാതെ ആ പാട്ടു തന്നെ വച്ചു കീച്ചി..

"ഓര്‍മ തന്‍ വാസന്ത നന്ദന തോപ്പില്‍..
ഒരു പുഷ്പം മാത്രം.. ഒരു പുഷ്പം മാത്രം.. ഡെയ്സീ...."

ഡും,,,, അപ്പൊ തന്നെ നീ ഒന്നു വളഞു എന്നെനിക്കു മനസ്സിലായി കേട്ടൊ..

അതു നിനക്കിഷ്ടപ്പെടും എന്നെനിക്കറിയാമായിരുന്നു.. സ്വന്തം പേരു വെച്ചൊരു സിനിമാ പാട്ടൊക്കെ ഇറങ്ങിയാല്‍ ആര്‍ക്കാ ഇഷ്ടപ്പെടാത്തെ.. അല്ലെ?? പക്ഷെ എനിക്കാ പാട്ടിനോടു അത്രക്കു ഇഷ്ടമൊന്നുമില്ല കേട്ടൊ.. എന്റെ നിവൃത്തി കേടു കൊണ്ട് പാടീന്നെയൊള്ളു.. അതാണെങ്കില്‍ എനിക്കു ജീവിതത്തില്‍ ഒരിക്കലും പറക്കാന്‍ പറ്റാത്ത പാട്ടും.. പണ്ടു സ്കൂളില്‍ ആന്നിവേഴ്സറിക്കു ഞാന്‍ മറ്റെ ഡെയ്സികു വേണ്ടി ആ പാട്ടൊന്നു പാടിയതാ.. ചെറുപ്പത്തില്‍ അല്പം കൊഞപ്പുണ്ടായിരുന്നത് കൊണ്ട് ഞാന്‍ മനസ്സില്‍ ഉദ്ധേശിച്ച പോലെയൊന്നുമല്ല സംഗതി പുറത്തു വന്നത്..

"ഓര്‍മ തന്‍ വാസന്ത നന്തന തോപ്പില്‍..
ഒരു പുസ്പം മാത്തതം ഒരു പുസ്പം മാത്തതം..
ദെയ്സീ... ദെയ്സീ..."
ഇങ്ങനെയായിരുന്നു.. പിന്നെന്നാ പറയാനാ.. റബ്ബറിന്റെ ഇല തിന്ന ആടിന്റെ പോലെയായി എന്റെ അവസ്ഥ.. പുള്ളേരെല്ലാം കൂകി.. എനിക്കൊരു വെഷമവും തോന്നിയില്ല.. പക്ഷെ..എന്റെ പാട്ടും എന്റെ ആ സ്റ്റയിലുംമെല്ലാം കണ്ട ഡെയ്സി വാ പൊത്തി ചിരിച്ചു ശ്വാസം മുട്ടി വയറു വേദനയെടുത്ത് വീണപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞില്ല

"കൊഞപ്പുള്ളവര്‍ക്കും ഇവിടെ പാട്ടു പാടാന്‍ പാടില്ലെ..?? പ്രേമിക്കാന്‍ പാടില്ലെ..??" എന്നെല്ലാം ഉറക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ അതും കൊഞ്ചിക്കൊണ്ട് തന്നെ ചോദിക്കേണ്ടി വരും എന്നുള്ളതു കൊണ്ടും... എന്തായാലും നാറി.. ഉള്ള നാറ്റത്തിന്റെ കൂടെ ചാണകക്കുഴിയില്‍ ചാടിയ പോലെ ആകുകയും ചെയ്യും.. അതു കൊണ്ട് ഞാന്‍ ചോദിച്ചില്ല..

അങ്ങനെ ആ ഒരു പാട്ടോടു കൂടി എന്റെ പ്രേമത്തിന്റെ ശവമടക്കും പതിനാറടിയന്തിരവും കഴിവ്ച്ചു.. ചക്ക വീഴുംബോഴൊക്കെ മുയലു ചാവണം എന്നില്ലല്ലൊ.. എന്നുള്ള പഴമൊഴിയില്‍ മുറുകെ പിടിച്ചിട്ടാണ് എന്റെ എട്ടാമത്തെ പ്രേമം പൊളിച്ച ആ പാട്ടു തന്നെ ഞാന്‍ വീണ്ടും പാടിയത്.. അതും നിനക്കു വേണ്ടി..!!

ആദ്യം കണ്ടപ്പോള്‍ മുതല്‍ തന്നെ ഞാന്‍ നിന്റെ പിന്നാലെയുണ്ട്..അതറീഞിട്ടും അറിയാത്ത ഭാവത്തിലുള്ള നിന്റെ ആ നടപ്പുണ്ടല്ലൊ.. അതിനീം വേണ്ടാട്ടോ.. പിന്നെ നിന്റെ പിന്നാലെ ദാമുവേട്ടന്റെ ചായക്കടയിലെ ചില്ലലമാരയില്‍ വെച്ചിട്ടുള്ള നാലു ദിവസമായിട്ടും വിറ്റു പോകാത്ത പഴം പൊരിയുടെ ചുറ്റിനും ഈച്ച പറക്കുന്നതു പോലെ കുറെ ഈച്ചകള്‍ പറക്കുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്.. അതൊന്നും ഞാന്‍ വെല്യ കാര്യമക്കിയെടുക്കുന്നില്ല.. പഴം പൊരിയല്ലെ.. ഈച്ചകളല്ലെ.. എന്നൊക്കെ കരുതി വിട്ടു കളഞതാണ്.
പക്ഷെ ഇതൊക്കെ അധികം ആയിട്ടുണ്ടെങ്കില്‍ എല്ലാറ്റിനും ഞാന്‍ മൂട്ട മരുന്നടിക്കും.. അതു വേറെ കാര്യം..

പിന്നേയ്.. ഈ പഴം പൊരി എന്നുള്ളതു നിന്റെ ഇരട്ടപ്പേരൊന്നുമല്ലല്ലൊ അല്ലെ..?? ഒരു പഴം പൊരിയുടെ പേരും പറഞു എന്റെ പരിശുദ്ധമായ ഈ പ്രേമത്തെ നീ അരച്ചു മാവാക്കി നെയ്യപ്പമാക്കി കളയല്ലേ.. ചതിക്കല്ലെ കേട്ടോ...?

നിന്നെ കണ്ട അന്നു എന്റെ ഹൃദയത്തില്‍ പൊട്ടിമുളച്ച പ്രേമമെന്ന ഈ ചെടിയെ പട്ടിയും പൂച്ചയും ആടും പശുവുമൊന്നും തിന്നാതെ കാത്തു സൂക്ഷിച്ചു നടക്കുകയാണ് ഞാന്‍.. ഈ കത്തു വായിച്ചാല്‍ തന്നെ എന്റെ പ്രേമത്തിന്റെ ആഴം നിനക്കു മനസ്സിലാകും എന്നെനിക്കുറപ്പാണ്.. വിശന്നു പൊരിഞിരികുന്നവന്റെ മുന്നില്‍ കിട്ടിയ ഫ്രൈഡ് റൈസു പോലെയാണ് നീയെനിക്ക്.. ദാഹിച്ചു വലഞിരിക്കുമ്പോള്‍ എനിക്കു കിട്ടിയ കൊക്കക്കോളയാണു നീ...

ഇനിയും നിനക്കു വേണ്ടി ഒരുപാടു പാട്ടുകള്‍ ഞാന്‍ പാടും.. ചില മൂരാച്ചികള്‍ എന്റെ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ തുറന്നു പാടൂ അടച്ചു പാടൂ.. ഈ പാട്ടിനു സംഗതി പോരാ.. ഫീലില്ലാ.. എന്നൊക്കെ പറഞു വരും.. അതൊന്നും നീ കാര്യമാക്കിയെടുക്കില്ല എന്നെനിക്കുറപ്പാ...ഇനീപ്പൊ പാട്ടിനെ നീയെന്തു പറഞാലും.. എന്നോട് തുറന്നു പ്രേമിക്കൂ.. സംഗതിയിട്ടു പ്രേമിക്കൂ എന്നൊന്നും പറഞേക്കരുത് എന്നേ എനിക്കു പറയാനൊള്ളു.. എന്റെ പ്രേമത്തെ നീ അടച്ചു പൂട്ടി സീലു വെകരുത്.. അധവാ നീ അങ്ങനെ ചെയ്താല്‍ ഉടന്‍ തന്നെ മറ്റൊരു പേരില്‍ ഈ ബിസിനസ്സ് ഞാന്‍ വീണ്ടും തുടരും. അതും നിന്റെ പഞ്ചായത്താപ്പീസിന്റെ പരിധിയില്‍ തന്നെ... അതൊറപ്പാ..

എന്നെ നിനക്ക് ഇഷ്ടമാണെന്നും നാണം കൊണ്ടാണ് നീയെന്റടുത്തേക്കു വരാത്തതും എന്നെ ഇഷ്ടമാണ് എന്നു പറയാത്തതെന്നും എനിക്കറിയാം..ഗൊച്ചു ഗള്ളീ.. ഇതു വായിച്ചപ്പോള്‍ നിന്റെ മുഖത്ത് വിരിയുന്ന നാണത്തെ ഞാന്‍ കാണുന്നു.. എന്നാലും അതൊന്നുറപ്പിക്കാന്‍ വേണ്ടിയാണ് ആരും കാണാതെ നട്ടുച്ചക്കു പുറത്ത് വെയിലു കത്തിയെരിയുമ്പോഴും അതൊന്നും കാര്യമാക്കാതെ മുറിയടച്ച് ഏ സി യും ഇട്ടിരുന്ന് ഞാനീ കത്തെഴുതുന്നത്..

നിന്റെ കാലിനു ഇന്നു ഭയങ്കര വേദനയായിരുന്നു എന്നെനിക്കറിയാം.. അടുത്തുള്ള ആര്യ വൈദ്യശാലയില്‍ പോയി കുഴമ്പു മേടിച്ചു കൊണ്ടു വന്നു കാലില്‍ നിന്റെ മമ്മിയെ കൊണ്ട് തിരുമ്മിച്ചതും ഞാനറിഞു.. നിന്റെ കാലിന്റെ വേദന പോലെ തന്നെ എന്റെ ഹൃദയവും വേദനിച്ചിട്ട് ഞാനിന്നു ഒരു ഹാര്‍ട്ട് സ്പെഷ്യലിസ്റ്റിനെ കണ്ടിട്ടാണ് വരുന്നത്.. എന്റെ ഹാര്‍ട്ടിന്റെ സ്കാനിങ്ങ് കഴിഞ് എക്സ്റേ നോക്കിയ ഡോക്ടര്‍ എന്താണു ചോദിച്ചതെന്നറിയാമോ..
എന്താടൊ തന്റെ ഹൃദയം കന്നു പൂട്ടിയ കണ്ടം പോലെ ആയതെന്നു.. സത്യം പറ എന്താണുണ്ടായതെന്നൊക്കെ ചോദിച്ചു.. ഒരു പാടു നുണകള്‍ ഞാന്‍ പറഞു നോക്കി.. അവസാനം ആ പന്ന ഡോക്ടര്‍ എന്റെ സെന്റിമെന്‍സില്‍ കേറി പിടിച്ചു.. പൊട്ടിക്കരഞു കൊണ്ട് ആ വൃത്തികെട്ട ഡോക്ടര്‍ എന്നോടൊരൊറ്റ പറച്ചിലായിരുന്നു..

"ഒരിക്കലും ഒരു കാരണവശാലും ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെടോ." എന്നു..

ഇതൊക്കെ കേട്ടാല്‍ എന്നെ പോലൊരു ലോല ഹൃദയനു എത്ര നേരമെന്നു വെച്ചാ പിടിച്ചു നിക്കാന്‍ പറ്റുക..?? ആ ഡോക്ടറുടെ വെഷമം കണ്ടപ്പോള്‍ എനിക്കും സഹിക്കാനായില്ല.. ഞാന്‍ സത്യമെല്ലാം പറഞു..
കന്നു പൂട്ടിയതല്ലെന്നും; ഇന്നലെ രാത്രി മുഴുവനും നീയെന്റെ ഹൃദയത്തില്‍ ഓടി നടന്നതും.. മന്മദ രാസാ പാട്ടു പാടി ഡാന്‍സ് ചെയ്തതും എല്ലാം എല്ലാം അവസാനം എനിക്കു ഡൊക്ടറോട് പറയേണ്ടി വന്നു.. നീയിതു ക്ഷമിക്കും എന്നെനിക്കറിയാം..

അതു പോലെ തന്നെ ഇന്നു രാത്രിയും സ്വപ്നത്തില്‍ വരുന്നതു കൊണ്ടൊന്നും എനിക്കു കുഴപ്പമൊന്നുമില്ല.. പക്ഷെ അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരുന്നേക്കണം... ഇന്നലെ വന്നു ചെയ്ത പോലെ ഓട്ടവും പാച്ചിലും ഡാന്‍സുമൊന്നും നടത്തിയേക്കരുത് കേട്ടൊ.. സഹിക്കാന്‍ പറ്റൂല്ല കൊച്ചേ.. അതു കൊണ്ടാ.. ഇനീം ആശുപത്രീല്‍ പോകാന്‍ എന്റെ കയ്യില്‍ കാശില്ല..

No comments:

Post a Comment